Kerala

സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ അധികവും ചിലവഴിക്കുന്നത് ശമ്പളത്തിനും കടമെടുത്തത് തിരിച്ചടക്കാനും

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും കടത്തിന്റെ പലിശ അടയ്ക്കാനും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തിയ സിഎജി റിപ്പോർട്ടിലാണ് റവന്യു വരുമാനത്തിന്റെ 73 .4 ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും പലിശ അടയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിച്ചു.

2023 – 24 സാമ്പത്തിക വർഷം കേരളത്തിന്റെ അകെ റവന്യു വരുമാനം 124486 കോടി രൂപയാണ്. റവന്യു കമ്മി 18140 കോടിയും. സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം ചെലവഴിച്ചത് 38573 കോടി രൂപയാണ്. പെൻഷൻ നൽകാൻ ചെലവഴിച്ചത് 27106 കോടി രൂപയും. 3 കോടി 40 ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് വരുമാനത്തിന്റെ 53 ശതമാനവും ചെലവഴിക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഈ ഉയർന്ന അനുപാതമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. റെവന്യു വരുമാനത്തിന്റെ 41 ശതമാനവും നികുതി വരുമാനമാണ്. നികുതിയേതര വരുമാനം 7 ശതമാനവും പലവക ഗ്രാന്റുകളിൽ നിന്നുള്ള വരുമാനം 5 ശതമാനവുമാണ്. ബാക്കി പകുതിയോളം കടമായും വിവിധ നിക്ഷേപങ്ങളായും ലഭിച്ചതാണ്.

കേന്ദ്രം കടം വാങ്ങുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ ബജറ്റിൽ ലക്ഷ്യമിട്ടതിൽ നിന്നും വളരെ കുറഞ്ഞ തുകയാണ് കഴിഞ്ഞ വർഷം സംസ്ഥാനം കടമെടുത്തത്. ബജറ്റിൽ 51856 കോടി രൂപ കടം വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും 35020 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കഴിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button