സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂരത; പത്തനംതിട്ട പീഡനക്കേസിൽ 43 പ്രതികൾ അറസ്റ്റിൽ
കായിക താരമായ ദളിത് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായ സംഭവം സമാനതകളില്ലാത്തതെന്ന് പൊലീസ്. പെൺകുട്ടിയെ 13 വയസ് മുതൽ പീഡിപ്പിച്ച സംഭവത്തിൽ ആകെ 58 പ്രതികളെന്ന് ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാർ അറിയിച്ചു. സൂര്യനെല്ലി പീഡന കേസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പ്രതികളുണ്ടായിരുന്ന പീഡനകേസ്.
42 പേരായിരുന്നു സൂര്യനെല്ലി പീഡന കേസിൽ പ്രതികളായിരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്.
കേസിലെ പ്രതികളിലൊരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി ദീപുവാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാൻ നേതൃത്വം നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്‌ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. കുട്ടിയെ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ വച്ച് പോലും പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു.