Kerala

മലപ്പുറത്ത് 13,524 കേസുകളും കണ്ണൂരില്‍ 12,800, പാലക്കാട് 5000, തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണെങ്കില്‍ ഈ വർഷം 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിനിടെ 30 മടങ്ങാണ് വർധന. 2016ല്‍ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനക്ക് കാരണം.

അതുവരെ കുട്ടികള്‍ക്ക് ഒന്നര വയസ്സിനകം മംപ്സ് മീസില്‍സ് റുബെല്ല വാക്സിൻ(എം.എം.ആർ) നല്‍കിയിരുന്നു. 2016ല്‍ ഇത് മീസില്‍സ് റുബെല്ല വാക്സിൻ (എം.ആർ) മാത്രമാക്കി. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

ഇക്കൊല്ലം മലപ്പുറത്ത് 13,524 കേസുകളും കണ്ണൂരില്‍ 12,800, പാലക്കാട് 5000, തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടിനീര് കേസുകള്‍ ഉയരുന്നതിനാല്‍ എം.എം.ആർ വാക്സിൻ തുടരണമെന്ന് കേരളം കേന്ദ്രസർക്കാറിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്.

മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. അഞ്ച് മുതല്‍ 15 വരെയുള്ള പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. മുഖത്തിന്‍റെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്. വൈറസ് ബാധിച്ച്‌ 16 മുതല്‍ 18 ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.

ശ്വാസകോശ സ്രവങ്ങള്‍ വഴിയും രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്ബർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരും. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്ബു മുതല്‍ എട്ടു ദിവസംവരെ രോഗം പടരാം. മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. വാക്സിനേഷൻ വഴി അണുബാധ തടയാം. രോഗബാധിതരെ ഐസൊലേഷനിലാക്കുന്നതിലൂടെയും വ്യാപനം തടയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button