പയ്യന്നൂർ മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് തകരാറിൽ; നന്നാക്കാൻ നടപടിയില്ല
പയ്യന്നൂർ∙ ലോട്ടറി വാങ്ങാൻ, ലാൻഡ് ട്രൈബ്യൂണൽ ഓഫിസിൽ പോകാൻ, വിഎച്ച്എസ്ഇ മേഖല ഓഫിസിൽ പോകാനൊക്കെ രണ്ടുനില കയറണം. താലൂക്ക് ഓഫിസിൽ പോകണമെങ്കിലും ഒന്നാം നിലയിൽ കയറണം. പയ്യന്നൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് ഈ ഓഫിസുകൾ ഉള്ളത്. മറ്റ് നിരവധി ഓഫിസുകളും രണ്ടാം നിലയിലുണ്ട്. ഭിന്നശേഷിക്കാർ വന്നാൽ കോണിപ്പടി കയറി പോവുകയേ നിർവാഹമുള്ളൂ. ഈ കെട്ടിടത്തിൽ ഭിന്ന ശേഷിക്കാർക്കു കയറിപ്പോകാൻ റാംപ് ഇല്ല. ഭിന്നശേഷി സൗഹൃദമാക്കാൻ ലിഫ്റ്റ് പണിതിട്ടുണ്ട്. 7 മാസമായി പ്രവർത്തിക്കുന്നില്ല.
ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്താൻ കരാർ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ലിഫ്റ്റ് റിപ്പയർ ചെയ്യാൻ സർക്കാർ പണം അനുവദിക്കുന്നുമില്ല. നേരത്തെ തകരാറായപ്പോൾ ജീവനക്കാർ പണം നൽകിയാണ് റിപ്പയർ ചെയ്തത്. ഇത്തവണയും ജീവനക്കാർ ശ്രമം തുടങ്ങിയിരുന്നു. അപ്പോഴാണ് സെപ്റ്റിക് ടാങ്ക് പൊട്ടിയത്. ആ പണം ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി. അന്ന് ലിഫ്റ്റ് നന്നാക്കാൻ 14500 രൂപയാണ് മെക്കാനിക് ആവശ്യപ്പെട്ടത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി 2 മാസത്തിനു ശേഷം ലിഫ്റ്റ് റിപ്പയർ ചെയ്യാൻ മെക്കാനിക്കിനെ വിളിച്ചപ്പോൾ ചെലവ് 55,000 രൂപ വരുമെന്ന് പറഞ്ഞു. അത്രയും തുക ഉണ്ടാക്കുക എളുപ്പമല്ല. ലിഫ്റ്റ് നശിച്ചുതുടങ്ങി.
ഭിന്നശേഷിക്കാർ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വന്ന് മുകളിലേക്ക് കയറാൻ കഴിയാതെ തിരിച്ചു പോവുകയാണ്. ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികളാണ്. അവർക്ക് രണ്ടാം നിലയിൽ എത്താൻ ഒരു വഴിയുമില്ല. ലോട്ടറി ഓഫിസിന് ഗ്രൗണ്ട് ഫ്ലോറിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ അവിടേക്ക് ഓഫിസ് മാറ്റണമെങ്കിൽ 12 ലക്ഷം രൂപ ചെലവ് വരും. ആ തുകയ്ക്ക് ധനകാര്യ വകുപ്പ് അനുമതി നൽകുന്നില്ല.