തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ട്
ചെന്നെെ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലെെയിൽ ഉരുൾപൊട്ടൽ. കൂറ്റൻ പാറയും മണ്ണും പതിച്ച് നിരവധി വീടുകൾ തകർന്നു. മൂന്നോളം വീടുകൾ മണ്ണിനടിയിൽ അകപ്പെട്ടതായാണ് റിപ്പോർട്ട്. തിരുവണ്ണാമലെെ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര് മണ്ണിനടിയിൽ അകപ്പെട്ടിരിക്കുകയാണ്. തിരുവണ്ണാമലെെ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പർവതത്തിന്റെ താഴ്‌വരയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ദുരന്തനിവാരണ സേന ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലെെയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. കനത്ത വെള്ളക്കെട്ടും പ്രദേശത്തുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ പുതുച്ചേരി, കടലൂർ, കാരിക്കൽ, വിഴുപ്പുറം, തിരുവണ്ണാമലെെ, വെല്ലൂർ, റാണിപേട്ട് എന്നിവിടങ്ങളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.