പാലക്കാട്

എലപ്പുള്ളിയിൽ ജലക്ഷാമമുണ്ടാകില്ലെന്ന് ഒയാസിസ്; ‘മദ്യം നിർമ്മിക്കാൻ 5 ഏക്കറിൽ മഴവെള്ള സംഭരണി സ്ഥാപിക്കും’

പാലക്കാട്: എലപ്പുള്ളി മദ്യനിർമ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും എന്നും ഒയാസിസ് പറയുന്നു. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എലപ്പുള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന് പോലും ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ജില്ലാ സമ്മേളനത്തിലും പ്രതിനിധികൾ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കമ്പനി വരുന്നതിൽ എതിർപ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.

ആയിരം സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാൽ 2400 ലിറ്റർ വെള്ളം സംഭരിക്കാനാവും. അപ്പോൾ അഞ്ച് ഏക്കർ സ്ഥലത്ത് വെള്ളം ശേഖരിച്ചാൽ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വാദിക്കുന്നു. കമ്പനിക്ക് വെള്ളത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് സിപിഎം നേതൃത്വവും വാദിക്കുന്നത്.

പാലക്കാട്ടെ ഈ മദ്യ പ്ലാന്റ് വിഷയത്തിൽ പ്രതിപക്ഷമുയർത്തിയ അഴിമതി ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലെ മറുപടിയിൽ ആയിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button