മാഹിയില്‍ നിന്നും നാട്ടികയ്ക്കുള്ളത് 172 കിമീ; പത്ത് മണിക്കൂറോളം മദ്യപിച്ച് ലോറി ഓടിച്ചിട്ടും പോലീസ് പരിശോധിച്ചില്ല; ക്ലീനര്‍ വളയം പിടിക്കാന്‍ തുടങ്ങിയത് പൊന്നാനിയില്‍ നിന്നും; ബാരിക്കേഡും ദിശാ ബോര്‍ഡും കാണാത്തത് മദ്യപാന ലഹരിയില്‍; നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും; രാത്രികാല പരിശോധന ഇനി ശക്തമാകും

തൃശ്ശൂര്‍: നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും. ഇനി ലോറികളില്‍ രാത്രി കാല പരിശോധനയും നടക്കും. രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വരുന്നത് പതിവാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. രാത്രികാല പരിശോധന കര്‍ശനമാക്കും. ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ നടപടിയെടുക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ച് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികളും ആലോചിക്കും. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ നടുവില്‍ അടച്ചുകെട്ടിയ ഭാഗത്താണ്, അപകടത്തില്‍പെട്ട കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ബാരിക്കേഡ് വച്ചതിനാല്‍ വാഹനങ്ങള്‍ എത്തില്ല എന്നുറപ്പുള്ളതിനാലാണു 4 മാസമായി ഇവിടേക്ക് ഉറക്കം മാറ്റിയത്. ഈ ഉറക്കമാണ് അഞ്ചു പേരുടെ ജീവനെടുത്തത്. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്.
കണ്ണൂരില്‍നിന്ന് പുറപ്പെട്ട ലോറിയിലെ ഡ്രൈവറും ക്ലീനറും മാഹിയില്‍നിന്നാണ് മദ്യം വാങ്ങിയത്. മാഹിയില്‍നിന്ന് 172 കിലോമീറ്ററാണ് നാട്ടികയ്ക്കുള്ളത്. അഞ്ച് ടണ്ണോളം തടികയറ്റിയ വാഹനമായിരുന്നു. ഡ്രൈവറും ക്ലീനറും വഴിമധ്യേയും മദ്യപാനം തുടര്‍ന്നു. പൊന്നാനിയിലെത്തിയപ്പോള്‍ ഡ്രൈവര്‍ തീര്‍ത്തും അവശനായി. ഇതോടെ ക്ലീനര്‍ വളയം പിടിച്ചു. പത്ത് മണിക്കൂറായിരുന്നു ഈ മദ്യപാന യാത്ര. ഇതിനിടെ പോലീസ് പരിശോധന ഒന്നും നടന്നില്ല. പട്രോളിങ്ങിനിടെ പോലീസ് കൂടുതലും ഇരുചക്രവാഹനങ്ങളും കാറുകളും മാത്രമാണ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത്. ലോറികളില്‍ പോലീസ് പട്രോളിങ് സംഘം വാഹനപരിശോധന കര്‍ശനമായി നടത്തിയിരുന്നെങ്കില്‍ നാട്ടികയിലെ ദുരന്തം ഉണ്ടാകുമായിരുന്നില്ല.