ഡിജിറ്റല്‍ ലൈസന്‍സിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി; ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാം
ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാല്‍ ഫോണിലെ ഡിജിറ്റല്‍ ലൈസന്‍സ് കാണിച്ച് കൊടുത്താല്‍ മതി. പ്രിന്റഡ് ലൈസന്‍സിനായി നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഡിജിറ്റല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സര്‍ക്കാര്‍ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിന്റഡ് ലൈസന്‍സ് വേണ്ടവരാണ് പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ അടയ്‌ക്കേണ്ടത്. അതിന്റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കില്‍ ലൈസന്‍സ് സ്വയം പ്രിന്റെടുത്ത് സൂക്ഷിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ക്യുആര്‍ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂ.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസന്‍സ് കിട്ടാന്‍ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസന്‍സ് ഡിജിറ്റലാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത ഘട്ടമായി ആര്‍സി ബുക്കും ഡിജിറ്റലാക്കുമെന്ന് മന്ത്രി അറിയിച്ചു.