കൊല്ലം

ദൃശ്യം മോഡൽ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസിൽ തുമ്പായത് കെഎസ്ആർടിസിയിൽ നിന്നും കിട്ടിയ ഫോൺ

കൊല്ലം: അമ്പലപ്പുഴ കരൂരിൽ കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തിൽ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് ജയചന്ദ്രൻ.

കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തിയിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് മിസ്സിംഗ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് പ്രതി ജയചന്ദ്രനിലേക്ക് എത്തിയത്.

വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് ബസ് സ്റ്റാന്റിൽ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോൺ ലൊക്കേഷനുകൾ ഒരേയിടത്തും വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button