പരസ്ത്രീ ബന്ധത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.
കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ സുഹൃത്തും അയല്‍ക്കാരിയുമായ യുവതിയുമായി ഭര്‍ത്താവ് ശാരീരികബന്ധം പുലര്‍ത്തുന്നത് യുവതി നേരില്‍ കാണുകയായിരുന്നു. ബന്ധുക്കളുടെ മുമ്പില്‍ വെച്ച് വഴക്കും ബഹളവുമുണ്ടായി. ഇതേ തുടര്‍ന്ന് കനത്ത മാനസിക വിഷമത്തിലും സമ്മര്‍ദത്തിലുമായ യുവതി ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ചേലക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി രമേഷിനെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഭാര്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രതിക്കെതിരെ പരാമര്‍ശങ്ങളില്ലെങ്കിലും യുവതിയും പ്രതിയായ ഭര്‍ത്താവും തമ്മില്‍ നല്ല സ്‌നേഹബന്ധത്തില്‍ ജീവിക്കുന്നതിനിടയില്‍ പ്രതി പങ്കാളിയോട് വിശ്വാസവഞ്ചന ചെയ്തതാണ് മരണ കാരണമെന്നത് കണക്കിലെടുത്തും കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചുമാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ഹാജരായി.