കോഴിക്കോട്

റഹീമിൻ്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകൾ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.

ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നു. ഇത് അടിസ്ഥാന രഹിതമാണ്. റഹീമിന്റെ മാതാവിനും കുടുംബത്തിനും വസ്തുതകൾ ബോധ്യപ്പെട്ടെന്നും റഹീമിന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രസ്റ്റ് പറഞ്ഞു.

അതേസമയം, അബ്ദുൽ റഹീമിന്‍റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. മകനെ ജയിലിൽ വെച്ച് കാണാൻ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരൻ നസീറിനും നൽകിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിയമപോരാട്ടത്തിനും ദിയാധന സ്വരൂണത്തിനുമെല്ലാം രംഗത്തിറങ്ങിയവരാണ് റിയാദിലെ നന്മയുള്ള പ്രവാസി സമൂഹം. അവരുടെ പ്രാതിനിധ്യമാണ് സഹായസമിതിക്കുള്ളത്.

കഴിഞ്ഞ 18 വര്‍ഷമായി തുടരുന്ന പ്രവർത്തനമാണ്. നവംബർ 17-ന് ശുഭകരമായ ഒരു കോടതി ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ. മോചനം നേടി അബ്ദുൽ റഹീം പുറത്തുവരുമ്പോള്‍ അതിെൻറ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ട. അതിന് ആർത്തിപൂണ്ട് വിവാദത്തിെൻറ പുകമറ സൃഷ്ടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെ. തന്‍റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിെൻറ ഉമ്മ ഫാത്തിമ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ ഡി പാലസ് ഹോട്ടലിലാണ് സ്വീകരണ പരിപാടി ഒരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button