!-- afp header code starts here -->
പാലക്കാട്

മഹിളാ കോൺഗ്രസ്‌ നേതാവും പാർടിവിട്ടു ; ഒരു മാസത്തിനുള്ളിൽ രാജിവയ്‌ക്കുന്ന ഒമ്പതാമത്തെ നേതാവ്‌

പാലക്കാട്
കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ പിടിച്ചുലയ്ക്കുമ്പോൾ പാർടിയിൽനിന്ന് വീണ്ടും രാജി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഷൊർണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ഒ പി കൃഷ്ണകുമാരിയാണ് പാർടിയിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ജില്ലയിൽനിന്ന് രാജിവയ്ക്കുന്ന ഒമ്പതാമത്തെ നേതാവാണ് കൃഷ്ണകുമാരി. വെള്ളിനേഴി പഞ്ചായത്തിലെ കോൺഗ്രസ്–-ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെള്ളിനേഴി പഞ്ചായത്തിൽ കോൺഗ്രസ് സീറ്റ് ബിജെപി അനുഭാവിക്കുനൽകി സ്വതന്ത്രവേഷംകെട്ടിച്ച് സംയുക്ത സ്ഥാനാർഥിയാക്കി. അതിനെതിരെ അന്നുതന്നെ പ്രതിഷേധിച്ചു. എന്നാൽ അവഗണനയായിരുന്നു ഫലം. സ്വന്തംസീറ്റ് നൽകി ബിജെപി അംഗത്തെ സൃഷ്ടിച്ചു. ഡിസിസി അംഗത്തിന്റെ ഒത്താശയോടെയായിരുന്നു അത്. രണ്ടാംവാർഡിൽ സംയുക്ത സ്ഥാനാർഥി ജയിച്ചു.

ബിജെപിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് പലതവണ നേതൃത്വത്തോട് സൂചിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. 2014 മുതൽ സഹകരണ ബാങ്കിൽ താൽക്കാലിക ജോലിക്കാരിയാണ്. നേതൃത്വം അവഗണിച്ചതിനാൽ ജോലി രാജിവച്ചു. എന്നിട്ടും ആരും കാര്യമെന്തെന്ന് അന്വേഷിച്ചിച്ചു. ഇതോടെയാണ് പാർടിയുമായുള്ള ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചത്. മൂന്നുതവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. വെള്ളിനേഴിയിലെ 13 വാർഡിലും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകും–- കൃഷ്ണകുമാരി പറഞ്ഞു.

സമീപ പഞ്ചായത്തായ പൂക്കോട്ടുകാവിൽ അഞ്ച് വാർഡിൽ കഴിഞ്ഞതവണ കോൺഗ്രസ്–-ബിജെപി സംയുക്ത സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button