മലപ്പുറം ജില്ലയിൽ ട്രെയിൻ അപകടങ്ങൾ തുടർക്കഥ; രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് 7 മനുഷ്യജീവനുകൾ
മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടാഴ്ചക്കിടെ ട്രെയിൻ അപകടത്തിൽ പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകൾ. പാളത്തിൽ നിന്നും ട്രെയിൻ തട്ടിയാണ് അപകട മരണങ്ങളേറെയും. പതിനഞ്ച് ദിവസത്തിനിടെ അഞ്ച് പേരാണ് ജില്ലയിൽ ട്രെയിൻ തട്ടി മാത്രം മരണപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് താഴേക്ക് വീണ് മരിക്കുന്നവരുടെ എണ്ണവും ചെറുതല്ല. രണ്ടാഴ്ചക്കിടെ രണ്ട് ജീവനുകൾ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ചിറമംഗലം സ്വദേശി മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വടകര ഇരിങ്ങലിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് വള്ളിക്കുന്ന് സ്വദേശിനിയായ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങിയിരുന്നു. ബുധനാഴ്ച കുറ്റിപ്പുറത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ച കുറ്റിപ്പുറം സ്വദേശിയും നവംബർ രണ്ടിന് താനൂരിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ട പരിയാപുരം സ്വദേശിയും, ഒക്ടോബർ 31ന് തൃശുരിൽ വെച്ച് ട്രെയിൻ തട്ടി വിധിക്ക് കീഴടങ്ങിയ കാളികാവ് സ്വദേശിയായ വിദ്യാർത്ഥിയും ട്രെയിൻ അപകടങ്ങളുടെ ഇരകളാണ്.
29ന് വെള്ളാമ്പുറത്ത് കാളികാവ് സ്വദേശിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 27ന് താനാളൂർ കെ.പുരം വെട്ടുകുളം സ്വദേശിയായ വിദ്യാർത്ഥിനിയുടെ ജീവനും ഇത്തരത്തിൽ തിരൂരിൽ വെച്ച് ട്രെയിൻ തട്ടി പൊലിഞ്ഞിരുന്നു. അശ്രദ്ധയാണ് തീവണ്ടി മൂലം അപകട മരണങ്ങളുണ്ടാവുന്നതിന്റെ മൂല കാരണം. ദൂരെ നിന്നും തീവണ്ടിയുടെ ശബ്ദം കേട്ടിട്ടും ട്രെയിൻ അടുത്തെത്തും മുമ്പ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാമെന്നുള്ള ധാരണയിലാണ് ട്രാക്കിലെ അപകടങ്ങളിലേറെയും. തീവണ്ടിയിൽ നിന്ന് വീണ് മരിക്കുന്നവരും അനേകമുണ്ട്. മുന്നറിയിപ്പുകൾ ലംഘിച്ചും അധികൃതരുടെ നിർദേശങ്ങൾ അവഗണിച്ചും വാതിലിൽ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ അപകടങ്ങളുണ്ടാകുന്നത്.