Kerala

ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജ്; മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളിൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾക്ക് മുൻകൂറായി തയ്യാറാക്കാൻ കഴിയും.

ഹൃദ്രോഗം, മറ്റ് ദീർഘകാല അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ ആരോഗ്യരേഖകൾ നിർബന്ധമായും കയ്യിൽ കരുതണം. വടശ്ശേരിക്കരയിൽ ആരോഗ്യ കേന്ദ്രം ശബരിമല പാതയിൽ നിന്നും മാറിയായതിനാൽ റാന്നി എംഎൽഎ അഭ്യർത്ഥിച്ചപ്രകാരം വടശ്ശേരിക്കരയിൽ തീർത്ഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button