‘മാസ്മരികമായ ഭൂപ്രകൃതി, കഠിനാധ്വാനികളായ ജനങ്ങൾ’; മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി
ദില്ലി: മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി കുറിച്ചു.
“കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ”- എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നു. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.
ആശംസയുടെ പൂർണരൂപം
“കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളർന്നു. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ശ്രദ്ധ നേടി.