കൂട്ടുപുഴ ടൗണിൽ പഴയ പാലത്തിന് സമീപം ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി ∙ കൂട്ടുപുഴ ടൗണിൽ പഴയ പാലത്തിന് സമീപം കൂറ്റൻ പാറക്കെട്ടുകളും മരക്കൊമ്പുകളും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കല്ലും മരങ്ങളും റോഡിലേക്ക് പതിച്ചതിനു സമീപത്താണ് ഓട്ടോറിക്ഷ സ്റ്റാൻഡ്. വർഷങ്ങൾക്ക് മുൻപ് റോഡ് നിർമാണ സമയത്ത് വളരെ ഉയരത്തിൽ നിന്നു പൊട്ടിച്ചിറക്കിയ പാറയുടെ ഭാഗങ്ങളാണ് താഴേക്ക് പതിച്ചത്.
ഇരിട്ടി പൊലീസും നാട്ടുകാരും ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് കല്ലുകളും മരക്കൊമ്പുകളും നീക്കി താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. കുത്തനെയുള്ള കുന്നിൻചെരിവിന്റെ ഉയരം കൂടിയ ഇവിടെ നീരുറവയുള്ള പാറക്കെട്ടുകളാണ്. കൂട്ടുപുഴ പുതിയ പാലം നിർമിക്കുന്നതിനു മുൻപ് കർണാടകയിലേക്കുള്ള അന്തർ സംസ്ഥാന പാതയുടെ ഭാഗമായിരുന്നു ഈ റോഡ്. ഇപ്പോൾ പേരട്ട, തൊട്ടിപ്പാലം ഭാഗത്തേക്കുള്ള പ്രധാന റോഡാണ്.