Kerala

ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് വേദിയാകാൻ ലുലു ഗ്രാന്‍ഡ് ഹയാത്ത്; ഉച്ചകോടി അടുത്ത വർഷം ഫെബ്രുവരിയിൽ

തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ന് വേദിയാകാൻ കൊച്ചി. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടക്കുന്നത്. സമ്മിറ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവും പങ്കെടുത്തു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഗോള നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന നാഴികക്കല്ലായിരിക്കും ഈ സമ്മേളനമെന്നാണ് വ്യവസായ വകുപ്പ് വിലയിരുത്തുന്നത്. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടി മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്‍റെ സ്ഥാനം ദൃഢമാക്കും.

നിക്ഷേപകര്‍ക്ക് പുതിയ സഹകരണങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ നല്‍കുന്ന സമ്മേളനം കേരളത്തിന്‍റെ ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകും. ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍, സെക്ടറുകള്‍ കേന്ദ്രീകരിച്ചുള്ള അവതരണങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ നടക്കും. വ്യവസായരംഗത്തെ കേരളത്തിന്‍റെ നൂതന കാഴ്ചപ്പാടിന്‍റെ പ്രതീകമായ ലോഗോ സംസ്ഥാനത്തിന്‍റെ വ്യാവസായിക, സാമ്പത്തിക വികസനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കുള്ള ആവേശകരമായ യാത്രയെയും സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button