Kerala

ആലപ്പുഴ: മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നറിയാന്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കാല്‍ നീട്ടി വെച്ച് പരേതന്‍

ആലപ്പുഴ: മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നറിയാന്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കാല്‍ നീട്ടി വെച്ച് പരേതന്‍. മണിക്കൂറുകളോളം ജീവനറ്റപോലെ കിടന്നയാളാണ് പോലിസ് പരിശോധനക്കിടെ കാല്‍ ഇളക്കിയത്. പകച്ചു പോയ പോലിസുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു വരുത്തി. അതിവേഗം ആശുപത്രിയില്‍ എത്തിച്ചതോടെ റിയാസ് (47) ജീവിതത്തിലേക്ക് തിരികെ കയറി. പക്ഷാഘാതം വന്ന് വീണു പോയതായിരുന്നു റിയാസ്. ഡിവൈഎസ്പിയുടെ പരിശോധനയ്ക്കിടെയാണ് റിയാസിന് അനക്കം വെച്ചത്.

ഒറ്റയ്ക്ക് താമസിക്കുന്നയാളാണ് റിയാസ്. ജില്ലാക്കോടതിക്കു പിന്നിലെ ജുമാമസ്ജിദിന്റെ കോംപ്ലക്സിലാണ് താമസം. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഇവിടെയെത്തിയ സഹോദരീഭര്‍ത്താവാണു റിയാസ് ‘മരിച്ചു’ കിടക്കുന്നതായി കണ്ടത്. ശരീരത്തിന്റെ പകുതി ഭാഗം കട്ടിലിലും ബാക്കി നിലത്തുമായി മലര്‍ന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു. വാതില്‍ അകത്തു നിന്നു പൂട്ടിയിരുന്നു. മരണത്തില്‍ സംശയം തോന്നിയ ഇദ്ദേഹം ഉടന്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിവരമറിയിച്ചു.

അവിടെ നിന്നെത്തിയ രണ്ടു പോലിസുകാര്‍ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മൃതദേഹം പരിശോധിച്ച് ‘മരണം’ ഉറപ്പാക്കുകയും ചെയ്തു. എഫ്‌ഐആറും തയാറാക്കി. മൃതദേഹത്തിന്റെ കിടപ്പു കണ്ട് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡിവൈഎസ്പി: മധു ബാബുവിനെ പൊലീസുകാര്‍ വിവരം അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ അദ്ദേഹം സ്ഥലത്തെത്തി പരിശോധിച്ചു.

കുനിഞ്ഞു നിന്ന് മൃതദേഹം പരിശോധിക്കുമ്പോഴാണു ‘പരേതന്‍’ മടങ്ങിയിരുന്ന കാല്‍ നീട്ടിവച്ചത്. ആദ്യം ഒന്നു പകച്ചു പോയ പോലിസുകാര്‍ റിയാസിനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. പക്ഷാഘാതം വന്നു ശരീരം നിശ്ചലമായതാണെന്നു പരിശോധനയില്‍ ബോധ്യമായി. ഇന്നലെ രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് അപകടനില തരണം ചെയ്തു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button