പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങളിൽ രാഷ്ട്രീയപോര്; സത്യവാങ്മൂലം ആയുധമാക്കി ബിജെപി
ദില്ലി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ആയുധമാക്കി ബിജെപി. പ്രിയങ്കയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് സത്യവാങ് മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപി ആരോപിച്ചു. ദളിതനായതുകൊണ്ടാണ് പത്രിക സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പുറത്തിരുത്തിയതെന്ന ആക്ഷേപവും ബിജെപി ശക്തമാക്കുകയാണ്.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ ആരോപിക്കുന്നു.