പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും; റോഡ് ഷോയില്‍ രാഹുലിനൊപ്പം സോണിയയും

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
2019ല്‍ വയനാട്ടിലേക്ക് മാസ് എന്‍ട്രി നടത്തിയ സഹോദരന്‍ രാഹുല്‍ ഗാന്ധി 4,31,770 എന്ന കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പക്ഷേ കഴിഞ്ഞ തവണ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ എതിരാളിയായി വന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞു. ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ചുലക്ഷത്തില്‍ കവിഞ്ഞ ഭൂരിപക്ഷം കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കന്നിയങ്കത്തില്‍ മിന്നും ജയം ഉറപ്പാക്കുന്നതിനാണ് ഇന്ന് കല്‍പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പ്രിയങ്കയും രാഹുലും സോണിയാ ഗാന്ധിയുമടക്കം പങ്കെടുക്കുന്നത്. ഒപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ഇന്ത്യ സഖ്യത്തിന് വന്‍മുന്നേറ്റമുണ്ടാക്കിയതിന്റെ ക്രഡിറ്റ് പ്രിയങ്കക്കായിരുന്നു. 2019ല്‍ 64 സീറ്റുകള്‍ നേടിയ എന്‍.ഡി.എ കഴിഞ്ഞതവണ 36 സീറ്റിലേക്കാണ് കൂപ്പുകുത്തിയത്. ഇന്ത്യ സഖ്യം 43 സീറ്റുമായി വന്‍ മുന്നേറ്റം നടത്തി.