ബംഗാൾ ഉൾക്കടലിൽ ന്യുനമർദം തീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു; ഒരാഴ്ച ഇടിമിന്നലോടെ മഴ, 5 ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു. നാളെയോടെ (ഒക്ടോബർ 23) ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ (ഒക്ടോബർ 24) തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചു ഒക്ടോബർ 24 രാത്രി / ഒക്ടോബർ 25 അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 – 23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് അഞ്ച് ജില്ലകളിലാണ് കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിയാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.