പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ ഭേദമാക്കാം, വിവാഹ വാർഷികം ഗോശാലകളിൽ നിന്നാക്കണം: യുപി മന്ത്രി

ഗോശാലയിൽ കിടന്നാൽ ക്യാൻസർ ഭേദമാകുമെന്ന വിചിത്രമായ അവകാശവാദവുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ. കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കരിമ്പ് വികസന സഹ മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ ഞായറാഴ്ച തൻ്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിച്ച പശുസംരക്ഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ അവരെ സുഖപ്പെടുത്താൻ ഇവിടെ പശുക്കൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.