മുഴപ്പിലങ്ങാട് ബീച്ച് ഇനി സഞ്ചാരികളുടെ പറുദീസ; സൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടം മെയ് 4 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുഴപ്പിലങ്ങാട് ബീച്ച് ടൂറിസത്തിന്റെ ഭാഗമായുള്ള സൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടം മെയ് 4 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി വിവിധ ഘട്ടങ്ങളായി നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്.
ബീച്ചിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ നിന്നും എണ്‍പത് കോടിയോളം രൂപ ചെലവഴിച്ചുള്ള ബീച്ച് നവീകരണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്.
“ബീച്ച് ടൂറിസത്തിൽ കേരളത്തിൻ്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചുകൊണ്ട് നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് മുഴപ്പിലങ്ങാട് ബീച്ച് വികസനമെന്നും” നവീകരിച്ച ബീച്ചിന്റെ വീഡിയോ പങ്കുവച്ച്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നവമാധ്യമങ്ങളിൽ കുറിച്ചു.



