അഖില കേരള ഖുർആൻ ഖിറാഅത്ത് -ഹിഫ്ള് മത്സരം : മാട്ടൂൽ മൻശഅ് സീ ക്യു വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

മാട്ടൂൽ :രണ്ടത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ നുസ് റത്തിന്റെ കീഴിലുള്ള ഇഖ്റ ഖുർആൻ റിസർച്ച് അക്കാദമി സംഘടിപ്പിച്ച അഖില കേരള പ്രീ സ്കൂൾ ഖിറാഅത്ത് -ഹിഫ്ള് മത്സരത്തിൽ മൻശഅ് സീ ക്യു വിദ്യാർത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൻശഅ് സീ ക്യു പ്രീ സ്കൂൾ മൂന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് അലീ വഫ യാണ് ഒന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രീ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ മൂന്ന് റൗണ്ട് മത്സരമാണ് നടന്നത്. പ്രിലിമിനറി, സെമി ഫൈനൽ മത്സരങ്ങളിലൂടെ പത്ത് കുട്ടികളാണ് ഫൈനൽ മത്സരത്തിന് അർഹത നേടിയത്.മറ്റ് ഒൻപത് കുട്ടികളെയും പിന്നിലാക്കിയാണ് മുഹമ്മദ് അലീ വഫ ഖിറാഅത്തിലും ഹിഫ്ളിലും ഒന്നാം സ്ഥാനത്തെത്തിയത്. സ്ഥാപനത്തിനും നാടിനും അഭിമാനമായ മുഹമ്മദ് അലീ വഫയെ മൻശഅ് മാട്ടൂൽ പ്രസിഡന്റ് സയ്യിദ് ത്വയ്യിബ് അൽ ബുഖാരി,മൻശഅ് പാട്രൺ സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി, ജനറൽ സെക്രട്ടറി പി അബ്ദുൽ റഹ്‌മാൻ ഹാജി, ജനറൽ മാനേജർ കെ മൊയ്‌തീൻ സഖാഫി,മൻശഅ് സീ ക്യു പ്രീ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി മുബശ്ശിർ ഹുമൈദി തുടങ്ങിയവർ അഭിനന്ദിച്ചു. മാട്ടൂൽ സിദ്ധീഖാബാദ് ചാലിൽ താമസിക്കുന്ന മുനവ്വിർ സഅദിയുടെയും പണ്ഡിതനും പ്രഭാഷകനുമായ ബഷീർ സഅദി നുച്യാടിന്റെ മകൾ ആഇശത്തുൽ ബിശാറയുടെയും മകനാണ്.