
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ കൊല്ലപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കുടുംബം. അര്‍ജുന്റെ പേരില്‍ പലതരത്തിലുള്ള ധനശേഖരണം നടത്തുന്നുണ്ട് എന്നും അത്തരമൊരു സഹായം വേണ്ട എന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. കുടുംബം ഇതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ട് എന്നും വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്‍മാറണം എന്നും കുടുംബം ആവശ്യപ്പെട്ടു.
കോടികളുടെ സഹായം ഞങ്ങള്‍ക്ക് പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് കൊടുക്കുക. ഞങ്ങള്‍ക്ക് പണത്തിന്റെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടി ആര്‍ക്കും പണം കൊടുക്കരുത്. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് എന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ കുട്ടിയെ തന്റെ മകനായി വളര്‍ത്തും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും കുടുംബം ചോദിക്കുന്നു.
യൂട്യൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി ഈശ്വര്‍ മാല്‍പെയും മനാഫും നാടകം കളിച്ചു. ആദ്യഘട്ടത്തില്‍ മനാഫ് ഇങ്ങനെയായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നത്. സാധാരണ എല്ലാ കുടുംബങ്ങള്‍ക്കും ഉള്ള ബാധ്യതകളെ ഞങ്ങള്‍ക്കുള്ളൂ. അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുകയും മകന്റെ കാര്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതും ഇവിടത്തെ ഭരണസംവിധാനങ്ങളാണ്.



