നാടിന്റെ നൊമ്പരമായി അര്‍ജുന്‍ യാത്രയായി; മൃതദേഹം സംസ്‌കരിച്ചു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട് മരണപ്പെട്ട അര്‍ജുനെ അവസാനമായി കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു. അര്‍ജുന്റെ വീടിന് സമീപം ഒരുക്കിയ ചിതയില്‍ മൃതദേഹം സംസ്‌കരിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിച്ചത്. എട്ട് മണിയോടെ പൊതുദര്‍ശനം ആരംഭിച്ചു. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ആയിരങ്ങളാണ് അര്‍ജുനെ കാണാന്‍ എത്തിയത്. പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിന് വെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അര്‍ജുനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ പൊതുദര്‍ശനം നീണ്ടു. അര്‍ജുന്റെ സഹോദരന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അര്‍ജുന്റെ മകന്‍ അയാനെയും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ഭാഗത്തേയ്ക്ക് കൊണ്ടുവന്നിരുന്നു