കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ
തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കണ്ണൂരിൽ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
കഴിഞ്ഞ ദിവസമാണ് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തിൽ കോയമ്പത്തൂർ സ്വദേശി അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കയറ്റി അയച്ച ശേഷം പ്രതികൾ മുങ്ങി. അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞാണ് പ്രതികൾ തൃശൂരിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തിയത്.
ആംബുലൻസ് എത്തിയപ്പോൾ അരുൺ ചോരയിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കൻ സമീപത്തുള്ള കാറിൽ ഉണ്ടായിരുന്നു. ശശാങ്കൻ ഉൾപ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റിവിട്ട ശേഷം പിന്നാലെ എത്താമെന്ന് മൂന്നംഗ സംഘം ഡ്രൈവറോട് പറഞ്ഞു. തുടർന്ന് ആംബുലൻസ് അതിവേഗം ആശുപത്രിയിൽ എത്തി. എന്നാൽ മൂന്നംഗ സംഘം മുങ്ങി.