കുതിപ്പ് തുടർന്ന് സ്വർണ വില; കേരളത്തിൽ റെക്കോര്‍ഡ്; സ്വർണ വില അറിയാം
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെയുള്ള സ്വര്‍ണത്തിന്‍റെ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ തിങ്കളാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധന. പവന് 55,840 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 6,980 രൂപ നൽകണം.ഈ മാസത്തിലെ ഉയർന്ന നിലവാരത്തിനൊപ്പം കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലകൂടിയാണിത്.
ശനിയാഴ്ച പവന് 55,680 രൂപയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 20 മുതൽ കുതിപ്പ് തുടരുന്ന സ്വർണം മൂന്ന് ദിവസത്തിനിടെ പവന് 1,240 രൂപ വർധിച്ചു. ഇന്നത്തെ വിലയിൽ പത്ത് ശതമാനം പണിക്കൂലിയിൽ സ്വർണാഭരണം വാങ്ങാൻ 63,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. രാജ്യാന്തര വില കുതിപ്പ് തുടരുന്നതാണ് കേരളത്തിലും വില വർധനനയ്ക്ക് കാരണം.
അമേരിക്കയിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചതും മധ്യേഷ്യയിൽ ഇസ്രയേലും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായതും സുരക്ഷിത നിക്ഷേപമായ സ്വർണത്തിൻറെ ഡിമാൻറ് വർധിപ്പിച്ചു. പലിശ നിരക്ക് കുറച്ചതിന് പിന്നാലെ ഡോളർ ശക്തിക്ഷയിച്ചതും നവംബറിൽ നടക്കുന്ന ഫെഡറൽ റിസർവ് യോഗത്തിൽ സമാനമായ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കാണുന്നതും വില ഉയർത്തുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണവും തിരിച്ചടിയും സ്വർണ വിലയിൽ വർധനവിന് കാരണമായി.