ആശ്വാസ വാർത്ത! രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കുംഈ മാസം 20 ന് മുൻപ് വില കുറയ്ക്കാൻ സാധ്യത

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയും. വില കുറയ്ക്കാനുള്ള തീരുമാനം 20-ാം തീയതിക്ക് മുമ്പ് എണ്ണക്കമ്പനികൾ എടുക്കാനാണ് സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങുംമുമ്പ് വില കുറച്ചേക്കും. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതും സർക്കാർ വിലയിരുത്തും.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില ഉയർത്തിയത്. എട്ട് രൂപയോളമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീടത് 110 ആയി, ഇപ്പോൾ ഏകദേശം 70 ഡോളറിനാണ് ഒരു ബാരൽ ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്നത്. അതിലും കുറച്ച് ഇന്ത്യക്ക് കിട്ടാനുള്ള കരാറുകളുമുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കണം എന്നാണ് ആവശ്യമുയരുന്നത്.
കഴിഞ്ഞ ദിവസമാണ് സൗദി എണ്ണ വില കുറയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയത്. ഏഷ്യൻ വിപണിക്കുള്ള ക്രൂഡ് ഓയിൽ വില കുറയ്ക്കുന്നതായാണ് സൗദി അറിയിച്ചിരിക്കുന്നത്. ക്രൂഡ് ഓയിലിൽ 11 ഡോളറിന്റെ കുറവാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ, എല്ലാ എണ്ണക്കമ്പനികൾക്കും ചേർത്ത് ഏകദേശം അമ്പതിനായിരം കോടിയുടെ നഷ്ടം ഉണ്ട് എന്നാണ് സർക്കാർ പറയുന്നത്. നേരത്തെ, എഴുപത്തയ്യായിരം കോടിയുടെ നഷ്ടം എന്നായിരുന്നു പറഞ്ഞിരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുകയും ഇന്ത്യയിൽ ഉയർന്ന വിലയിൽ തന്നെ ഇന്ധനം വിൽക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യമാണ് ഈ നഷ്ടം കുറയുന്നതിന് കാരണമായിട്ടുള്ളത്. ഈ സാഹചര്യം 10 ദിവസമെങ്കിലും തുടരുകയാണെങ്കിൽ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ കഴിയും എന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. അങ്ങനെയെങ്കിൽ അതിനുശേഷം രാജ്യത്ത് ഇന്ധനത്തിന് വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.
വില കുറയ്ക്കുന്നതിന് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത് 20-ാം തീയതി നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനമാണ്. എണ്ണ വില ഉയർന്നു നിൽക്കുന്നതിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും കൂടി മുന്നിൽക്കണ്ട്, അതിനുമുമ്പ് തന്നെ എണ്ണവില കുറയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന സൂചനയാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.



