ആരോഗ്യ വകുപ്പിലെ 10 വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി; നിര്‍ദേശം നല്‍കി കെ മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ അനാസ്ഥ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പത്ത് വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്.
കൊവിഡ് കാലവും അന്വേഷണ പരിധിയിലുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കുറ്റക്കാരെ കൃത്യമായി കണ്ടെത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടപാടുകളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോരായ്മകളെ കുറിച്ച് പഠിക്കാന്‍ എക്സ്പെര്‍ട്ട് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എക്സ്പെര്‍ട്ട് കമ്മിറ്റിയോട് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് വയനാട് മെഡിക്കല്‍ കോളജിലെ ഗോഡൗണില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ നശിച്ച നിലയിലാണ് കണ്ടെത്തിയത്.
ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റുകള്‍ ഉള്‍പ്പെടെ ഗോഡൗണില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ സന്ദര്‍ശം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഈ നിലയില്‍ ഉപകരണങ്ങള്‍ കൂട്ടിയിട്ടത് നേരില്‍ കണ്ട് ബോധ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷ കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആദ്യ പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിര്‍ദ്ദേശമുണ്ട്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കും.



