india

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു; പെട്രോള്‍ – ഡീസല്‍ വില എപ്പോള്‍ കുറയ്ക്കും? പഴയ നഷ്ടം തിരിച്ചുപിടിക്കണം; പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയില്ല; കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് രാജ്യത്ത് എത്തിയില്ലെന്നും പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ (അസംസ്‌കൃത എണ്ണ) വിലയില്‍ ഇടിവുണ്ടായെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വലിയ വ്യതിയാനങ്ങളുണ്ടായപ്പോഴും ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധിപ്പിക്കാതെ പൊതുജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്നും, നിലവിലെ സാഹചര്യത്തില്‍ റീട്ടെയില്‍ ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ന്യായമില്ലെന്നും മന്ത്രി എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍, ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ കുറഞ്ഞ വിലയ്ക്ക് വിറ്റതുവഴി രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം നഷ്ടങ്ങള്‍ (Cumulative under-recoveries) ഏകദേശം 2.18 ലക്ഷം കോടി രൂപയോളം വരും. കമ്പനികള്‍ ഇപ്പോഴും ഈ നഷ്ടം നികത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനികള്‍ സാധാരണയായി കുറഞ്ഞത് രണ്ടു മാസം മുന്‍പെങ്കിലും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താണ് ക്രൂഡ് ഓയില്‍ വാങ്ങാറുള്ളത്. അതിനാല്‍ ഇപ്പോള്‍ രാജ്യത്തെ റിഫൈനറികളില്‍ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അസംസ്‌കൃത എണ്ണ, അന്താരാഷ്ട്ര വിപണിയില്‍ വില ഏറ്റവും ഉയര്‍ന്നുനിന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ വാങ്ങിയതാണ്. ഈ സാഹചര്യത്തില്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകില്ല. വരും ആഴ്ചകളിലോ അടുത്ത 2-3 മാസങ്ങളിലോ ആഗോള വിപണിയില്‍ ഇതേ വിലക്കുറവ് തുടരുകയാണെങ്കില്‍ മാത്രമേ വില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും നിലവില്‍ അതൊരു സാങ്കല്പിക സാഹചര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button