പേരാമ്പ്രയില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ലഹരി സംഘം; തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും മര്‍ദ്ദനം; സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെയും തടയാന്‍ ശ്രമിച്ച നാട്ടുകാരെയും ലഹരിമരുന്ന് സംഘം ക്രൂരമായി ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് യുവാക്കളും ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പാണ്ടിക്കോട് വെച്ച് ഡാന്‍സാഫ് (DANSAF) സ്‌ക്വാഡ് നടത്തിയ ലഹരിവേട്ടയ്ക്കിടെയാണ് നാടകീയമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ലഹരിസംഘത്തെ പരിശോധനയ്ക്കായി പോലീസ് സമീപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ലഹരി സംഘം പെട്ടെന്ന് തന്നെ പ്രതിരോധിക്കുകയും അവരെ തടഞ്ഞ് ക്രൂരമായി ആക്രമിക്കാന്‍ തുടങ്ങുകയുമായിരുന്നു. അക്രമിസംഘത്തിന്റെ മര്‍ദനത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ക്കും, പോലീസിനെ സഹായിക്കാന്‍ ശ്രമിച്ച റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.
തുടര്‍ന്ന് അക്രമവിവരമറിഞ്ഞ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും പ്രതികളെ ബലമായി കീഴടക്കുകയുമായിരുന്നു. പിടിയിലായവരില്‍ നിന്നും മാരകമായ രാസലഹരിമരുന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരിവ്യാപാരത്തിന് പുറമെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. ഈ ലഹരിസംഘത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും പേരാമ്പ്ര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



