
ഇരിട്ടി: ഒരുവീട്ടിൽ ഒരുമേൽക്കൂരയ്ക്ക് കീഴിൽ താമസിച്ചു വരുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ വിഭജിച്ച് മാറ്റി തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർ പട്ടിക. വർഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന കുടുംബത്തിലെ അച്ഛനേയും രണ്ടു മക്കളെയും ഒരു വാർഡിലും അമ്മയെ മറ്റൊരു വാർഡിലുമാക്കിയാണ് ഇരിട്ടി നഗരസഭാ വോട്ടർ പട്ടികയിൽ പകുത്തു മാറ്റിയത്. ഇരിട്ടി ചാവശ്ശേരി മുഖപ്പറമ്പിലെ പ്രദീപ്കുമാർ കക്കറയിലിനും കുടുംബത്തിനുമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇത്തരം ഒരുവേർതിരിവിന്റെ അനുഭവം ഉണ്ടായിരിക്കുന്നത്.
പ്രദീപനും മക്കളായ അമൽ കെ പ്രദീപും, അമൃതയും 32-ാം വാർഡായ മണ്ണോറയിലും ഭാര്യ ഒ.ആർ. സിന്ധു 30-ാംവാർഡായ ചാവശ്ശേരി വെസ്റ്റിലുമായാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇരിട്ടി നഗരസഭയിലെ അശാസ്ത്രീമായ വാർഡ് വിഭജനത്തിന്റെ ഇരയായി ഈ കുടുംബം മാറുകയായിരുന്നു. വോട്ടർപട്ടികയിലെ ഗുരുതരമായ ഈ തെറ്റ് ചൂണ്ടികാണിച്ച് പ്രദീപൻ രേഖകൾ സഹിതം ഇരിട്ടി നഗരസഭാ ഓഫീസിൽ പരാതി നൽകുകയും ഹിയറിംങ്ങിന് ഓഫീസിൽ ഹാജരായി രേഖകൾ സമർപ്പിക്കുകയും ചെയ്‌തെങ്കിലും അന്തിമ വോട്ടർപ്പട്ടികയിൽ ഈ തെറ്റ് തിരുത്താൻ അധികൃതർ തയ്യാറായില്ല. പ്രദീപന്റെ ഭാര്യ സിന്ധുവിന് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചു വേണം പോളിംങ് സ്‌റ്റേഷനിൽ എത്താൻ. വാർഡ് വിഭജനത്തിന് മുൻമ്പ് പഴയ 30-ാം വാർഡിലെ വോട്ടറായിരുന്നു പ്രദീപനും ഭാര്യ സിന്ധുവും. അന്ന് മക്കൾക്ക് വോട്ടുണ്ടായിരുന്നില്ല. ആദ്യമായാണ് രണ്ട് പേരും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടറാകുന്നത്. ഈ വിധത്തിലുള്ള നിരവധി പരാതികളാണ് നഗരസഭയിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ ഉയർന്നു വരുന്നത്



