
തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ വേഗം തന്നെ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍. ശൈത്യകാല ഷെഡ്യൂളില്‍ വന്ന കുറവ് നികത്തും.
മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാന കമ്പനി അധികൃതര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.
കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്.ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യമുന്നയിച്ചു.



