
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ചവരെ പറന്നുയർന്നത് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾ. ഹജ്ജ് നിർവഹിക്കുന്നതിനായി ഇതിൽ 3397 ഹാജിമാരാണ് യാത്ര ചെയ്തത്.
ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ് -2132 പേർ. 1265 യാത്രികർ പുരുഷന്മാരുമാണ്.
മേയ് ഒമ്പതിനാണ് ഹജ്ജ് ക്യാമ്പ് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 11നാണ് ഹാജിമാരുമായി ആദ്യ വിമാനം പറന്നുയർന്നത്. ആദ്യദിനം പുറപ്പെട്ട രണ്ട് വിമാനങ്ങളിലായി 340 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 12, 13 തീയതികളിൽ പുറപ്പെട്ട നാല് വിമാനങ്ങളിലും സ്ത്രീകൾ മാത്രമായിരുന്നു ഹജ്ജ് യാത്രികർ. ആകെ 683 വനിത ഹാജിമാരാണ് ഈ വിമാനങ്ങളിൽ യാത്ര ചെയ്തത്. 14,15 ദിവസങ്ങളിലും രണ്ടുവീതം വിമാനങ്ങളാണ് 680 ഹാജിമാരെ കൊണ്ടു പോയത്. 16 മുതൽ 19വരെയും 21,22 തീയതികളിലും ഒന്നു വീതം വിമാനങ്ങളാണ് ഹജ്ജ് സർവീസ് നടത്തിയത്. ഈ ദിവസളിൽ ആകെ 1017 ഹാജിമാരാണ് യാത്ര ചെയ്തത്. 20ന് വിമാന സർവീസ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെയും രാത്രിയുമായി സർവീസ് നടത്തിയ രണ്ട് വിമാനങ്ങളിലായി 338 ഹാജിമാരും യാത്ര തിരിച്ചു.
ശനിയാഴ്ച പുലർച്ചെ 12.45നു 19ാമത്തെയും രാത്രി 7.35നു 20ാമത്തെയും വിമാനങ്ങളും ഹാജിമാരുമായി പുണ്യഭൂമിയിലേക്ക് പറന്നു. ശനിയാഴ്ച ആകെ 339 ഹാജിമാരാണ് യാത്ര തിരിച്ചത്.
മേയ് 29ന് എയർ ഇന്ത്യയുടെ അവസാനത്തെ ഫ്ലൈറ്റ് കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നതോടെ ഈ വർഷത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് സമാപനമാകും.



