
ഹജ്ജ് 2026 ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നിലവിൽ 2025 ജൂലായ് 31 ആണ്. പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയവർക്ക് ഇനിയും പാസ്‌പോർട്ട് ലഭിക്കാനുണ്ട്. ഓൺലൈൻ സോഫ്‌റ്റെ്‌വെയറിലെ സാങ്കേതിക തകരാറുകൾ കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവരുമുള്ളതിനാലും അവർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. ഇത്തവണ വളരെ കുറഞ്ഞ സമയമാണ് അപേക്ഷാ സമർപ്പണത്തിന് നൽകിയിരിക്കുന്നത്. ആയതിനാൽ ഹജ്ജ് അപേക്ഷകർക്ക് അപേക്ഷാ സമർപ്പണത്തിന് കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഇന്ന് കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.
മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും അപേക്ഷാ സമർപ്പണം 20 ദിവസത്തേങ്കിലും നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. നീട്ടിയാൽ കൂടുതൽ പേർക്ക് അപേക്ഷ സമർപ്പിക്കാൻ സഹായകമാകും.
ഇതുവരെ 11,845 അപേക്ഷകൾ:-
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതു വരെ 2026 ഹജ്ജിന് 11845 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2252 പേർ 65+ വിഭാഗത്തിലും, 1519 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും 8074 പേർ ജനറൽ വിഭാഗത്തിലായുമാണ് അപേക്ഷകൾ ലഭിച്ചത്.



