ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; വാഹന ഉടമയെ തിരിച്ചറിഞ്ഞു, മാനന്തവാടി പോലീസ് കേസെടുത്തു

വയനാട്: കാറിന്റെ ഡോറില്‍ കൈ കുരുക്കി ആദിവായി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. വധശ്രമത്തിനാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെയായിരുന്നു കാറില്‍ വലിച്ചിഴച്ചത്.
ഏകദേശം അരകിലോമീറ്ററോളം അക്രമിസംഘം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവാവ്. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലും ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്ന് വ്യക്തമല്ല. മാനന്തവാടി പുല്‍പള്ളി റോഡില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മാതന് അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റു. കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പയ്യംപള്ളി കൂടല്‍ കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികളുടെ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അതില്‍ മാതന്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതില്‍ കല്ലുമായി ആക്രമണത്തിന് ഒരുങ്ങിയ യുവാവിനെ മാതന്‍ തടഞ്ഞിരുന്നു. പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മില്‍ തര്‍ക്കമുണ്ടായി.