പേരാവൂർ താലൂക്ക് ആശുപത്രിയിലെ രാത്രികാല സേവനം നിർത്തി ; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ രാത്രി പ്രവർത്തനം വീണ്ടും നിർത്തിവച്ചു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാലാണ് രാത്രിയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്. രാവിലെ എട്ടു മുതൽ രാത്രി 8 വരെ മാത്രമാണ് ഇനിമുതൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുക. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂപ്രണ്ട് പറഞ്ഞു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയോഗിക്കപ്പെടുന്ന ഡോക്ടർമാർക്ക് മാസങ്ങൾക്കകം സ്ഥലംമാറ്റം അനുവദിക്കുന്നതാണ് ആശുപത്രി പ്രവർത്തനം ഇടയ്ക്കിടെ പ്രതിസന്ധിയിൽ ആവാൻ കാരണം.
അതേ സമയം രാത്രി പ്രവർത്തനം നിർത്തിയതിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3-മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് എ ഐ സി സി മെമ്പർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്യും.