ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരിമരുന്നു വില്‍പന നടത്തിയ ഇരിട്ടി സ്വദേശി ഉൾപ്പെടെയുള്ള 2 യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ.

ഇരിട്ടി: ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരിമരുന്നു വില്‍പന നടത്തിയ ഇരിട്ടി സ്വദേശി ഉൾപ്പെടെയുള്ള 2 യുവാക്കൾ എറണാകുളത്ത് ചേരാനെല്ലൂരിൽ അറസ്റ്റിൽ. ഇരിട്ടി വളള്യാട് ഫൈവ് സ്റ്റാർ ക്രഷറിനു സമീപം ആക്കപാറയിൽ ഹൗസിൽ അനൂപ് (24), ചെണ്ടമംഗലം പ്ലാത്തുരുത്തിൽ അങ്ങാടിപ്പറമ്പിൽ ഹൗസിൽ അബ്ദുൾ റൗഫ് (22) എന്നിവരെയാണ് 24 .740 ഗ്രാം എം ഡി എം എയുമായി ഏറണാകുളം പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. അബ്ദുൾ റൗഫ് അനൂപുമായി ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് പിടിയിലായത്.
6 മാസം മുൻപ് എറണാകുളം കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്ത് വെച്ച് അനൂപ് എക്സൈസ് പിടിയിലായിരുന്നു. ഇതിനു ശേഷം ഇയാൾ പോലീസ് എക്സൈസ് വകുപ്പുകളുടെ നിരീക്ഷണത്തിലായിരുന്നു. ചേരാനല്ലൂർ കേന്ദ്രീകരിച്ച് ഇയാൾ വീണ്ടും മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ ചേരാനല്ലൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെ ഇയാൾ പിടിയിലായത്. കൂടെയുണ്ടായിരുന്ന അബ്ദുൾ റൗഫ് മയക്കുമരുന്ന് വാങ്ങിക്കാനായി വന്ന ഇടപാടുകാരനായിരുന്നു.
കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബംഗലുരൂവില്‍ നിന്നാണ് വിൽപ്പനക്കായി ലഹരി മരുന്ന് എത്തിച്ചി രുന്നത്.
ഏതാനും വര്‍ഷങ്ങളായി എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്ന ഇയാൾ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘത്തിൻ്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. അന്തർ സംസ്ഥാന ബന്ധമുള്ള അനൂപ് വൻ ലഹരി മാഫിയ സംഘത്തിൻ്റെ കണ്ണിയാണെന്നും സ്വദേശമായ ഇരിട്ടി, കീഴൂർ, വളള്യാട് പ്രദേശത്തുൾപ്പെടെ മയക്കുമരുന്നു ഇടപാട് നടത്തുന്നതായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ പ്രദേശങ്ങളിലുൾപ്പെടെ ഇയാളുടെ സഹായികളുടെ വിവരങ്ങളും പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇവരുൾപ്പെടെ പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



