‘ശമ്പളം ഉണ്ടോ? നികുതി അടയ്ക്കണം, ആർക്കും ഇളവില്ല’; കന്യാസ്ത്രീകളും വൈദികരും നൽകിയ ഹർജിയിൽ സുപ്രീം കോടതി

ദില്ലി: ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും ഓർമ്മിപ്പിച്ച് സുപ്രീം കോടതി. അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം ഓർമ്മിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ദിവസം അദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേരളത്തിൽ നിന്നടക്കമെത്തിയ 93 ഹർജികളും തള്ളിയ സുപ്രിംകോടതി, നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് ചൂണ്ടികാട്ടി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പരിശോധിച്ച പരമോന്നത കോടതി ഇത് ശരിവെച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്.