വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 50 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചു.
വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുദ്ധീകരിക്കാനും യൂക്കാലി പോലെയുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ വന്യമൃഗ സംഘർഷം ഉള്ള മേഖലകളിൽ പ്രത്യേക യജ്ഞം നടത്തും. ഇതിൻ്റെ ഒന്നാം ഘട്ടം ഫെബ്രുവരി 10 ന് മുമ്പായി നടപ്പാക്കും. നേരത്തെ ചെയ്തിരുന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചാണ് ആക്ഷൻ പ്ലാൻ തുടങ്ങുന്നത്.
വയനാട്ടിലെ വനമേഖലയിൽ ആറ് റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രോൺ പരിശോധന ഈ ആഴ്ച മുഴുവൻ തുടരും. അടിക്കാടുകൾ വെട്ടുന്നത് അടക്കം ജനകീയ പദ്ധതിയായി നടപ്പാക്കും. 80 പേരുടെ സംഘം ഇതിനായി രംഗത്തിറങ്ങും.
പഞ്ചാരക്കൊല്ലിയിലെ കടുവ കേരളത്തിന്റെ ഡാറ്റാ ബേസിൽ ഉള്ളത് അല്ലെന്നും വനം മന്ത്രി പറഞ്ഞു. കടുവ ഏത് ഡാറ്റാബേസിൽ നിന്നുള്ളതാണെന്ന് പരിശോധിക്കാൻ നടപടി തുടങ്ങിയതായി വനം മന്ത്രി അറിയിച്ചു. വന്യമൃഗ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളായ കർണാടകവും തമിഴ്നാടുമായും ഉടൻ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.