മട്ടന്നൂർ

കരീം ഉസ്താദിൻറെ വേർപാട് :  സങ്കടകടലായി പാലയോട്


മട്ടന്നൂർ: ഇന്നലെ മരണപ്പെട്ട കിഴല്ലൂർ പാലയോട് ജുമാ മസ്ജിദ് ഖത്തീബ് കരീം ഉസ്താദ് പാലയോട്കാർക്ക് വെറും ഒരു ഖത്തീബ് മാത്രമായിരുന്നില്ല .നീണ്ട 26 വർഷമായി മഹല്ല് ഖത്തീബ് ആയി ജോലിചെയ്തുമ്പോഴും പാലയോട്കർക്കായി തൻ്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മട്ടന്നൂർ റേഞ്ച് വൈസ് പ്രസിഡണ്ടും മട്ടന്നൂർ എയർപോർട്ടിനടുത്ത് കീഴല്ലൂർ പാലയോട് ജുമാമസ്ജിദ് ഖത്തീബും സദറും ആയിരുന്ന ആയിരുന്ന ഉസ്താദ് അബ്ദുൽ കരീം ബാഖവിയുടെ വേർപാട് നാടിനെയും താൻ ഇടപെടുന്ന മുഴുവൻ മേഖലകളിൽ നിന്നുള്ള ആളുകളെയും ഞെട്ടിക്കുന്നതായിരുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ ഉസ്താദ് കഴിഞ്ഞ 26 വർഷത്തോളമായി കീഴല്ലൂർ പാലയോട് എന്ന ചെറു ഗ്രാമത്തിന്റെ ആത്മീയ വളർച്ചയിലും പുരോഗതിയിലും മുന്നിൽനിന്ന് നയിച്ച സാന്നിധ്യമായിരുന്നു. മഹല്ലിന്റെ മുഴുവൻ കർമ്മ രംഗങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന ഉസ്താദ് ഒരേസമയം സംഘാടകനായി ജോലി ചെയ്യാനും ഖാളിയായി നേതൃത്വം നൽകാനും ആവേശത്തോടെ മുന്നിലുണ്ടായിരുന്നു. തന്റെ ജീവിതംകൊണ്ട് ഒരു മാതൃക തന്നെ തീർത്ത ഉസ്താദിന്റെ വേർപാട് മഹല്ല് നിവാസികൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാൻ ആയിരുന്നില്ല. ശൈഖുനാ മൂര്യാട് ഉസ്താദിന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു കരീം ബാഖവി, മരണവാർത്തയറിഞ്ഞ് പാലയോട് ജുമാ മസ്ജിദില്‍ എത്തിയത് നൂറുകണക്കിന് ആളുകളായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ ഏതു വേദിയിലും കൃത്യമായി ധൈര്യത്തോടെ പറയുന്ന കരീം ഉസ്താദിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഇതര മതവിഭാഗങ്ങളിലെ ഉസ്താദിന്റെ സ്നേഹം അനുഭവിച്ച ഒത്തിരി ആളുകളും പള്ളിയിൽ എത്തി. സ്ത്രീകൾക്ക് മയ്യത്തിനെ അനുഗമിക്കാൻ അവസരം ഉണ്ടായിരുന്നില്ലെങ്കിലും മഹല്ലിലെ ഒരുപാട് സ്ത്രീകൾ തങ്ങളുടെ ഉസ്താദിന്റെ അവസാന യാത്രയിൽ സാന്നിധ്യമായി. ഇന്നലെ രാവിലെ മദ്രസയിലെ പരീക്ഷയും കഴിഞ്ഞ് എസ് കെ എസ് എസ് എഫ് മട്ടന്നൂർ മേഖലാ സർഗലയത്തിന് മത്സരിക്കേണ്ട വിദ്യാർത്ഥികളെയും തയ്യാറാക്കിയ ശേഷം ഒരു മരണ വീട്ടിലേക്ക് പോവാൻ ഇരിക്കെയായിരുന്നു നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മയ്യിത്ത് നിസ്ക്കാരത്തിന് പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ, ഉസ്താദ് അബ്ദുൽ മജീദ് ബാഖവി, ഒ എം എസ് മാലൂർ തങ്ങൾ, ഹൈദ്രോസ് ഉസ്താദ്, എന്നിവർ നേതൃത്വം നൽകി. മദ്രസയിൽ പൊതുദർശനത്തിന് വച്ച ശേഷം ഉസ്താദിന്റെ മൃതദേഹം മലപ്പുറത്ത് വീട്ടിലേക്ക് കൊണ്ടു പോയി. മഹല്ല് നിവാസികളും സ്നേഹിതരും മയ്യത്തിനെ അനുഗമിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button