കണ്ണൂർ കോർപ്പറേഷൻ ഗ്ലോബൽ ജോബ് ഫെയർ:പ്രചരണ ക്യാമ്പയിന് 19ന് തുടക്കം

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ജനുവരി 11, 12 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിന് 19നു തുടക്കമാകും. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ്‌ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി. ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കൽ, ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, ജില്ലയിലെ പ്രധാന വ്ളോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാകിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തോൺ, റീൽസ് മത്സരം തുടങ്ങിയ ക്യാമ്പയിന്റെ ഭാഗമായി നടക്കും. 19നു രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിൽ കാംപസ് ഇൻ മേയർ പരിപാടിയുടെ ആദ്യ സ്വീകരണം നടക്കും. 12 മണിക്ക് കണ്ണൂർസിറ്റി ഹംദർദ് കോളജിലും ഉച്ചക്ക് മൂന്നിന് കോളജ് ഓഫ് കൊമേഴ്സസിലും പര്യടനം നടത്തും. 23നു വൈകിട്ട് 3.30ന് വ്യാപാരി- വ്യവസായികളുമായി മുഖാമുഖം പരിപാടി വ്യവസായികളുമായി മുഖാമുഖം പരിപാടി ചേംബർ ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് വ്ളോഗേഴ്സ് മീറ്റും നടക്കും. 29നു വൈകിട്ട് അഞ്ചിന് പയ്യാമ്പലം ബീച്ചിൽ മേയറുടെ നേതൃത്വത്തിൽ സായാഹ്ന നടത്തവും പ്രചരണത്തിന്റെ ഭാഗമായി നടക്കും.
ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com വെസ്ബൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, പ്രസൻ്റേഷനുകൾ, കോർപറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ഫിനാൻസ്, അഡ്‌മിനിസ്ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, എജ്യൂക്കേഷൻ, ഹെൽത്ത്കെയർ, ഹോസ്പിറ്റാലിറ്റി, റീടെയിൽ, ഫുഡ് പ്രൊസസിങ്, മാനുഫാക്‌ചറിങ്, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽസ്, ടെക്സ്റ്റെയിൽസ്, മീഡിയ, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങൾ ജോബ് ഫെയറിലൂടെ സാധ്യമാക്കും.
യോഗത്തിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ എം സാബിറ ടീച്ചർ, ഡെപ്യൂട്ടി സെക്രട്ടറി എൻ ബിജു, അൽത്താഫ് മാങ്ങാടൻ, ജലീൽ ചക്കാലക്കൽ, ഇ കെ സജീർ തുടങ്ങിയവർ പങ്കെടുത്തു.