കണ്ണൂർ വിമാനത്താവള റോഡ് വികസനം: സ്ഥലമെടുപ്പ് വൈകുന്നു

മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിൽ വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ വൈകുന്നു. നടപടി നീണ്ടു പോകുന്നത് സ്ഥലം ഉടമകളെ ദുരിതത്തിലാക്കുന്നു. രണ്ടു വർഷം മുൻപ് മട്ടന്നൂർ വായാന്തോട് പ്രദേശത്ത് സർവേ നടത്തി കുറ്റിയടിക്കൽ പൂർത്തീകരിച്ചിട്ടും റോഡ് നവീകരണം ആരംഭിച്ചില്ല. തലശ്ശേരി-കൊടുവള്ളി- മട്ടന്നൂർ വരെ 24.5 കിലോമീറ്റർ റോഡ് നിർമിക്കാൻ 39.93 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 7 വില്ലേജുകളിൽ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്.
ആകെ 1110 പേരുടെ സ്ഥലം ഏറ്റെടുക്കണം. 749 വീടുകളും 140 കടകളും 2 സ്‌കൂളുകളും 15 പൊതുസ്ഥാപനങ്ങളും പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടതുണ്ട്. 4441 മരങ്ങൾ മുറിച്ചു നീക്കണമെന്നും സാമൂഹികാഘാത പഠനരേഖയിൽ പറഞ്ഞിരുന്നു. തൃക്കാക്കര ഭാരത് മാതാ സ്‌കൂൾ ഓഫ് സോഷ്യൽ വർക്കാണ് അന്നു റിപ്പോർട്ട് തയാറാക്കിയിരുന്നത്. വിമാനത്താവള കവാടം മുതൽ വായാന്തോട് വരെ റോഡ് നീട്ടുന്നതിന് റോഡരികിലെ സ്ഥലം അളന്നു കുറ്റി സ്ഥാപിച്ചിരുന്നു. റോഡ് വികസനത്തിന് സർക്കാർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ സ്ഥലം ഉടമകളാണ് പ്രയാസത്തിലായത്.
സർവേ പൂർത്തീകരിച്ച് കുറ്റിയടിച്ച് 2 വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാക്കാത്തതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. സ്ഥലം റോഡിന് ഏറ്റെടുക്കുന്നതിനാൽ പുതിയ വീട് നിർമിക്കാനോ നിലവിലുള്ള അറ്റകുറ്റ പ്രവൃത്തികൾ നടത്താനോ സ്ഥലം വിൽക്കാനോ വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് പറയുന്നു. കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തവർ ഒഴിഞ്ഞു പോകുന്ന അവസ്ഥയാണ്. റോഡ് നവീകരണത്തിന് സ്ഥലം ഏറ്റെടുക്കുന്നുണ്ടെങ്കിൽ എത്രയും വേഗത്തിൽ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് സ്ഥല ഉടമകൾ പറഞ്ഞു.