മികച്ച അദ്ധ്യാപികക്കുള്ള എഫ് എ പി ദേശീയ അവാർഡ് നേടി മട്ടന്നൂർ ശ്രീ ശങ്കര വിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി. ബിന്ദു
ഇരിട്ടി: അക്കാദമിക മികവിനും നൂതന അദ്ധ്യാപനത്തിനുമുള്ള ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ ഓഫ് പഞ്ചാബ്, ഇന്ത്യയിലെ സിബിഎസ്ഇ സ്കൂൾ അധ്യാപകർക്കായി ഏർപ്പെടുത്തിയ മികച്ച അധ്യാപികക്കുള്ള 2024 ലെ എഫ് എ പി ദേശീയ അവാർഡിന് മട്ടന്നൂർ ശ്രീ ശങ്കര വിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി. ബിന്ദു അർഹയായി.
ഇരട്ടി മാടത്തിൽ സ്വദേശിയായ ബിന്ദു 25 വർഷമായി മട്ടന്നൂർ ശ്രീ ശങ്കര വിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്. സി ഐ എസ് എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് റിട്ടയർ ചെയ്ത ഇ.കെ. ജനാർദ്ദനനാണ് ഭർത്താവ്. അമൃത യൂണിവേഴ്സിറ്റി ബിരുദാനന്തരബിരുദ വിദ്യാർഥിനി വന്ദന, മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി വർഷ എന്നിവർ മക്കളാണ്.
അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തി വിദ്യാർത്ഥി സൗഹൃദ മനോഭാവത്തോടെ അക്കാദമിക് വിഷയങ്ങളിലും മറ്റിതര പ്രോഗ്രാമുകളിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ സ്തുത്യർഹവും പ്രശംസനീയവുമായ സേവനങ്ങൾ നടത്തിയതിനാണ് ബിന്ദു ടീച്ചറിനെ തേടി എഫ് എ പി ബെസ്റ്റ് ടീച്ചേഴ്‌സ് എക്‌സലൻസ് അവാർഡ് എത്തിയത്.
മികച്ച അദ്ധ്യാപിക അവാർഡ് ലഭിച്ച ബിന്ദു ടീച്ചറെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വീട്ടിലെത്തി അനുമോദിച്ചു. പി.പി. ഷാജി, ഇ. വിനോദ്, സി. സുരേഷ് എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.