അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെ വിട്ടു; ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല, 14 വർഷത്തിന് ശേഷം CBI കോടതി വിധി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.
2012-ൽ നടന്ന കൊലപാതകക്കേസിൽ 14 വർഷത്തിന് ശേഷമാണ് നിർണ്ണായക വിധി വരുന്നത്. കേസിൽ 32-ാം പ്രതിയായിരുന്നു പി. ജയരാജൻ, ടി.വി. രാജേഷ് 33-ാം പ്രതിയും. 2012 ഫെബ്രുവരി 20-നാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന 23 വയസ്സുകാരൻ അരിയിൽ ഷുക്കൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് കൊല്ലപ്പെടുന്നത്.
അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനത്തിന് നേരെ അരിയിലിൽ വെച്ച് ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്. പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ, നേരത്തെ പൊലീസിന് മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെ പലരും കോടതിയിൽ വിചാരണ വേളയിൽ ഹാജരായിരുന്നില്ല.



