kannur
പോക്സോ കേസിൽ പ്രതിക്ക് 12 വർഷം തടവും പിഴയും

എടക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പോക്സോ കേസിൽ പ്രതിക്ക് 12 വർഷം തടവും 60,000 രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. കാടാച്ചിറ സ്വദേശി ജയചന്ദ്രനെ (59)യാണ് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ജഡ്‌ജ് അനീറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴ തുകയിൽ 50,000 രൂപ ഇരക്ക് നഷ്ടപരിഹാരമായുംനൽകണം.
2020-ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. 2021- ൽ എടക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പോലീസ് ഇൻസ്പെക്‌ടർ പി.കെ.മണിയാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്. തുടരന്വേഷണം നടത്തിയ ഇൻസ്പെക്‌ടർ കെ.ജി പ്രവീൺ കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.