
മുളകുന്ന് : മുളക്കുന്നിലെ റഷീദാസ് ഹൗസിലെ അലിയുടെ കിടപ്പുമുറിയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ ‘മാർക്’ പ്രവർത്തകനായ ഫൈസൽ വിളക്കോട് സുരക്ഷിതമായി പിടികൂടി ഉൾവനത്തിൽ വിട്ടുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.
മുറിയിലൂടെ പാമ്പ് സഞ്ചരിക്കുന്നതായി കണ്ട വീട്ടുകാർ നിലവിളിച്ചതിനെത്തുടർന്ന് ഉടൻ ഫൈസലിനെ വിവരമറിയിക്കുകയായിരുന്നു. പതിവുപോലെ പേടിയില്ലാതെ ഫൈസൽ പാമ്പിനെ പിടികൂടി സുരക്ഷിതമായി കൈകാര്യം ചെയ്തു.
അതേ ദിവസം തന്നെ, കാക്കയങ്ങാട് പാലപ്പുഴയിൽ ഒരു വീടിന്റെ കുളിമുറിയിൽനിന്നും ഫൈസൽ ഒരു പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു.
അടുത്തിടെ പ്രത്യക്ഷപ്പെട്ട പാമ്പുകളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 20-ലധികം പാമ്പുകൾ ഫൈസൽ പിടികൂടിയിട്ടുണ്ടെന്നുമാണ് വിവരം. അതേസമയം, മൂന്ന് വർഷത്തിനിടെ 87 രാജവെമ്പാലകളും 3200-ഓളം മൂർഖൻ പാമ്പുകളും ഫൈസൽ സുരക്ഷിതമായി പിടികൂടി വനത്തിലേക്ക് വിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
പ്രദേശത്തെ പാമ്പ് പിടിത്തത്തിനുള്ള സജീവസാന്നിധ്യമായി മാറിയ ഫൈസൽ, വനംവകുപ്പുമായി സഹകരിച്ച് ചെയ്യുന്ന ഈ സാമൂഹികസേവനം നാട്ടുകാരുടെ പ്രശംസ നേടുകയാണ്.



