എത്തിയത് കോഴിക്കൂട് നിർമിക്കാൻ, ഒറ്റക്ക് താമസമെന്നറിഞ്ഞതോടെ പട്ടാപ്പകൽ അതിക്രമിച്ച് സ്വർണം കവർന്നു, പിടിയിലായി

കോഴിക്കോട്: കോഴിക്കൂട് നിര്മിക്കാനെത്തിയ വീട്ടില്‍ പട്ടാപ്പകല്‍ അതിക്രമിച്ചു കയറി സ്വര്‍ണമാല കവര്‍ന്ന യുവാവ് പിടിയില്‍. സ്ത്രീ തനിച്ച് താമസിക്കുകയാണ് എന്നറിഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി ചെറ്റയില്‍ വീട്ടില്‍ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച പയ്യോളി ഇടിഞ്ഞകടവിലാണ് സംഭവം നടന്നത്.
വിമലയെന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടത്തിയത്. വിമലയുടെ വീട്ടില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കൂട് നിര്‍മിക്കാന്‍ ആസിഫ് എത്തിയിരുന്നു. ഇവര്‍ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ യുവാവ് സാഹചര്യം മുതലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച പകല്‍ വീട്ടിലെത്തിയ പ്രതി വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി കിടപ്പുമുറിയിലെ പഴ്സില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ മാല കവരുകയായിരുന്നു. ഒന്നര പവന് തൂക്കമുള്ള മാലയാണ് മോഷ്ടിച്ചത്.
വിമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ആഭരണം ഇയാള്‍ പയ്യോളിയിലെ കടയില്‍ വിറ്റ് 75000 രൂപ കൈപ്പറ്റിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആഭരണം പയ്യോളിയിലെ സ്വര്‍ണ്ണ വ്യാപാരിയായ സേട്ടുവിന്റെ കടയില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ മുന്‍പും കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.