
മട്ടന്നുർ: വിഭവ സമൃദ്ധങ്ങളായ ഭക്ഷണമൊരുക്കി ശ്രദ്ധേയമാകുകയാണ് ഹജ്ജ് ക്യാമ്പിലെ ഭക്ഷണശാല. കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചാണ് വിശാലമായ സൗകര്യത്തോടെ ഭക്ഷണശാല പ്രവർത്തിക്കുന്നത്. പ്രഭാത നിസ്കാരത്തിന് ശേഷം ലഘുഭക്ഷണത്തോടെ തുടങ്ങുന്ന ഭക്ഷണ വിതരണം രാത്രി 10 മണിയോടെയാണ് അവസാനിക്കുന്നത്. 300 മുതൽ 600 വരെ പേർക്ക് ദിവസവും ഇവിടെ നിന്നു ഭക്ഷണം നൽകി വരുന്നുണ്ട്. പ്രഭാത നിസ്കാരം കഴിഞ്ഞ് ചായയും സ്നാക്സും, രാവിലെ 7.30 മുതൽ 10 മണി വരെയാണ് പ്രാതൽ. ഇഡ്ഡലി, ദോശ, നൂൽ പുട്ട്, പൂരി, പുട്ട്, ചായ എന്നിവ ഈ സമയങ്ങളിൽ നൽകി വരുന്നു. സാമ്പാർ, ചട്ട്ണി, മസാല കറികൾ ഇതിനോടൊപ്പം നൽകും. ഉച്ചയ്ക്ക് മീൽസും, ഫിഷ് ഫ്രൈയും, ചിക്കൻ ബീഫ് ബിരിയാണിയുമാണ് വിളമ്പുന്നത്. വൈകീട്ട് നാലിന് ചായയും രണ്ടു തരം സ്നാക്സും നൽകിവരുന്നുണ്ട്. തുടർന്ന് രാത്രി ഭക്ഷണമായി 7.30 മുതൽ 10 മണി വരെ പൊറോട്ട, പത്തൽ, ചപ്പാത്തി, മസാല കറി, ചിക്കൻ കറി തുടങ്ങിയവയുമാണ് വിഭവങ്ങൾ. യാത്ര പുറപ്പെടും സമയത്ത് ചൂടുള്ള ഹോട്സും നൽകിയാണ് ഹാജിമാരെ യാത്രയാക്കുന്നത്. പ്രകൃതി സൗഹൃദാന്തരീക്ഷത്തിലാണ് ഭക്ഷണശാലയിലെ ഭക്ഷണം തയാറാക്കുന്നത് മുതൽ വിതരണം വരെ നടക്കുന്നത്. സംഘാടക സമിതിയുടെയും വളന്റിയർമാരുടെയും നേതൃത്വത്തിലാണ് ഇവിടം ഭംഗിയായി പ്രവർത്തിച്ചുവരുന്നത്. ഹാജിമാർക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്.



